പുസ്തകം 1, ലക്കം 1 (പൈലറ്റ് ഇഷ്യൂ)
Powered by Blogger.

ഇ - വായന : അജിത് കുമാര്‍

Do you want to share?

Do you like this story?

..
..
അജിത് കുമാര്‍
നുഷ്യനും മൃഗങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ പ്രധാന വ്യത്യാസം ചിന്തിയ്ക്കാനുള്ള കഴിവാണ്. എന്നാല്‍ ഒരു മനുഷ്യന്റെ ചിന്ത മറ്റൊരാളിലേയ്ക്ക് പകരുന്നതെങ്ങനെ? അവിടെയാണ് എഴുത്തും വായനയും കടന്നുവരുന്നത്. ചില മൃഗങ്ങള്‍ അവയുടെ ബുദ്ധിവികാസം അനുസരിച്ച് ഒരു പരിധി വരെ ചിന്തിയ്ക്കുന്നുണ്ട്. എന്നാല്‍ ആ ചിന്ത അവര്‍ പകരുന്നത് പ്രകൃതിദത്തമായ ചില സംവേദനമാര്‍ഗങ്ങളുപയോഗിച്ചുകൊണ്ടാണ്. എത്ര ബുദ്ധിയുള്ള മൃഗങ്ങളായാലും എഴുത്ത്, വായന എന്ന സ്റ്റേജിലേയ്ക്ക് ഒരു പ്രവേശനവുമില്ല അവയ്ക്ക്. എന്നാല്‍ മനുഷ്യന്‍ ഉല്പത്തികാലം മുതല്‍ ചിന്തിയ്ക്കയും ആദ്യം പാറകളിലും വന്മരങ്ങളിലും പ്രകൃത്യാലുള്ള ചുവരുകളിലും ചിത്രങ്ങളെഴുതി അവയില്‍ കൂടി ആശയപ്രതിഫലനം നടത്തുകയും പിന്നെ ഭാഷയും ലിപിയും ഉരുവാകുകയും ചര്‍മ്മലിഖിതങ്ങളും പാപ്പിറസ് ചെടിയുടെ താളുകളിലും ആ ലിപികള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനുഷ്യന് ചിന്തിയ്ക്കാതിരിയ്ക്കാന്‍ സാദ്ധ്യമല്ല. അവന് എഴുതാതിരിയ്ക്കുവാനും വായിയ്ക്കാതിരിക്കുവാനും സാദ്ധ്യമല്ല. എഴുത്തിനെ, അക്ഷരങ്ങളെ അടക്കുവാനും ബന്ധിക്കുവാനും കൊല്ലുവാനും ഈ കാലം വരെ എത്ര അധികാരങ്ങളും കോട്ടകളും ചെങ്കോലുകളും പ്രയത്നിച്ചിരിയ്ക്കുന്നു. എന്നാല്‍ അതെല്ലാം അതിജീവിച്ച് അക്ഷരങ്ങള്‍ പിറന്നുകൊണ്ടേയിരുന്നു. അക്ഷരങ്ങള്‍ വിപ്ലവങ്ങള്‍ക്ക് വിത്തുപാകി, അക്ഷരങ്ങള്‍ സാധാരണക്കാരെ മഹാന്മാരാക്കി, അക്ഷരങ്ങള്‍ അസാദ്ധ്യമായ ലക്ഷ്യങ്ങള്‍ ഭേദിച്ചു. ശാസ്ത്രത്തിന്റെ അഭൂതവും ജനകീയവുമായ വളര്‍ച്ച നമ്മുടെ വായനയുടെ ഗതിരീതികളും സ്വഭാവവും മാറ്റി.

കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു അക്ഷരങ്ങള്‍ കടലാസില്‍ നിന്ന് കമ്പ്യൂട്ടറിലേയ്ക്ക് കൂട് മാറിയിട്ട്. എങ്കില്‍ പോലും കടലാസില്‍ വായിയ്ക്കുന്നതിനെക്കാള്‍ അധികം അക്ഷരങ്ങള്‍ വായിയ്ക്കപ്പെടുന്നത് ഇന്ന് സൈബര്‍ സ്ക്രീനില്‍ ആണ്. ഏതു വിഷയത്തിലും ഗുണദോഷങ്ങള്‍ അടങ്ങിയിരിക്കുന്നതുപോലെ ഇ-വായനയും ഗുണദോഷസമ്മിശ്രമാണ്. കൈവിരല്‍ത്തുമ്പത്ത്, ഏതാനും ക്ലിക്കുകള്‍ക്കപ്പുറത്ത് വായനാവിഷയം ലഭിക്കുന്നു, തേടി ഇറങ്ങി നടക്കേണ്ടുന്ന ആവശ്യമില്ല. സ്റ്റോറേജ് എന്ന ഒരു പ്രശ്നമില്ല, ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഒരു വായനാപ്രപഞ്ചത്തിലേയ്ക്ക് തന്നെ പ്രവേശിക്കാം, പുസ്തകങ്ങള്‍ക്ക് വലിയ വില കൊടുക്കുന്നതുപോലെ ചെലവില്ലാതെ വായിയ്ക്കാം, എളുപ്പത്തില്‍ കൈമാറ്റം ചെയ്യാം, പുസ്തകം ഒരാള്‍ക്ക് കൊടുത്താല്‍ പിന്നെ അത് മടക്കിക്കിട്ടിയാല്‍ മാത്രമേ നമ്മുടെ അലമാരയില്‍ കാണുകയുള്ളു. എന്നാല്‍ ഇവിടെ ആ പ്രശ്നമില്ല. കൈവെള്ളയില്‍ ഒതുങ്ങുന്ന ഉപകരണങ്ങളില്‍ ആയിരക്കണക്കിനു പേജുകള്‍ സൂക്ഷിയ്ക്കാം എന്ന് തുടങ്ങി ഗുണഗണങ്ങള്‍ അനേകം. ഇ-വായനയിലെ ഏറ്റവും നഷ്ടമായി പറയപ്പെടുന്നത് പുസ്തകങ്ങള്‍ വായിയ്ക്കുമ്പോള്‍ ലഭിച്ചിരുന്ന അനുഭൂതിയില്ലായ്മയെപ്പറ്റിയാണ്. എന്നാല്‍ അത് മുമ്പ് പുസ്തകങ്ങള്‍ വായിച്ച് ശീലിക്കുന്നവരെ മാത്രം ബാധിയ്ക്കുന്ന ഒരു കാര്യമല്ലെ? 

ന്യൂ ജനറേഷന്‍ പുസ്തകവായനയില്‍ പണ്ടുള്ളവരുടെ അത്ര താല്പര്യം കാണിക്കുന്നില്ല എന്നുള്ളതൊരു വസ്തുതയാണ്. മുമ്പ് ചെയ്ത് അനുഭൂതിയാസ്വദിച്ചവരല്ലാത്തതുകൊണ്ട് അവര്‍ക്ക് ഈവക പ്രശ്നങ്ങളൊന്നും ഒരു പ്രശ്നമായി തോന്നാന്‍ ഇടയില്ല. എന്നാല്‍ അതിനെക്കാള്‍ പ്രധാനമായൊരു ദോഷം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വായനയില്‍ ഏറ്റവും അധികം അദ്ധ്വാനിക്കുന്നത് നമ്മുടെ കണ്ണുകളാണല്ലോ. വായനയുടെ രസത്തില്‍ മണിക്കൂറുകളോളം ചിലപ്പോള്‍ കമ്പ്യൂ‍ട്ടറിനു മുന്നില്‍ ഇരുന്നെന്ന് വരും. അതിനോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങള്‍, പുറം വേദന, തലവേദന, കണ്ണുവീക്കം, കണ്ണിലെ നിര്‍ജലീകരണം, ഇവയൊക്കെ വരാന്‍ സാദ്ധ്യത വളരെയാണ്. നാം സാധാരണ സമയത്തെക്കാള്‍ മൂന്നിലൊന്ന് പ്രാവശ്യം മാത്രമെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മിഴി ചിമ്മാറുള്ളു എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ള വസ്തുതയാണ്. അതിനാല്‍ ഇ-വായനയില്‍ ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ക്ക് അല്പം വിശ്രമം അനിവാര്യമാണ്. ഇനി വരുന്ന കാലം പുസ്തകങ്ങള്‍ക്ക് ഇന്നുള്ള പ്രാമുഖ്യവും അല്പാല്പം കുറഞ്ഞുവരികയും ഇ-വായന അധികരിക്കുകയും ചെയ്യും. അപ്പോഴും നമുക്ക് സന്തോഷിക്കാന്‍ വകയുണ്ട്. വായന മരിക്കുന്നില്ല. അത് കാലാനുസൃതമായ പുതിയ വേഷത്തില്‍ പുനര്‍ജനിക്കുന്നു.

വീണ്ടും വായനയുടെ വസന്തം!

19 comments:

പടന്നക്കാരൻ said...

ന്യൂ ജനറേഷന്‍ സംഭവം തന്നയല്ലേ !!!

ഫൈസല്‍ ബാബു said...

വായന മരിക്കുന്നില്ല, നാടോടുമ്പോള്‍ നടുവേ എന്നാണല്ലോ, കാലത്തിനനുസരിച്ചു വായനയും കമ്പ്യൂട്ടറിന് വഴി മാറി എന്ന് വേണം പറയാന്‍, വായനയല്ല വായനക്കാരന് കൊടുക്കാനുള്ളത് ഇ എഴുത്ത് വന്നപ്പോള്‍ ചുരുങ്ങുന്നു എന്നതാണ് മറ്റൊരു പ്രശനം, കൂടുതല്‍ എഴുതിയാല്‍ വായനക്കു ആളെ കിട്ടില്ല എന്ന തോന്നലില്‍ ആശയം ചുരുക്കി എഴുതുന്നു, പല പോസ്റ്റിലും അങ്ങിനെ വരുമ്പോള്‍ അതിന്റെ മാറ്റ് കുറയുകയും ചെയ്യുന്നു , നല്ല കുറിപ്പ് ,

പത്രക്കാരന്‍ said...

ഇത്രേ ഉള്ളോ? ഇത് പെട്ടെന്ന് തീര്‍ന്നു പോയി...

Sidheek Thozhiyoor said...

വായനയില്‍ ഏറ്റവും അധികം അദ്ധ്വാനിക്കുന്നത് നമ്മുടെ കണ്ണുകളാണല്ലോ. വായനയുടെ രസത്തില്‍ മണിക്കൂറുകളോളം ചിലപ്പോള്‍ കമ്പ്യൂ‍ട്ടറിനു മുന്നില്‍ ഇരുന്നെന്ന് വരും. അതിനോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങള്‍, പുറം വേദന, തലവേദന, കണ്ണുവീക്കം, കണ്ണിലെ നിര്‍ജലീകരണം, ഇവയൊക്കെ വരാന്‍ സാദ്ധ്യത വളരെയാണ് ...എനിക്ക് ഇതൊക്കെ സംഭവിച്ചു അതോണ്ടാ ഇപ്പോള്‍ വായന കുറച്ചത്. വളരെ വസ്തുതാപരമായ ലേഖനം. നന്ദി അജിത്ഭായ്

kharaaksharangal.com said...

വായന മരിക്കുന്നില്ല. അത് കാലാനുസൃതമായ പുതിയ വേഷത്തില്‍ പുനര്‍ജനിക്കുന്നു.

Shameee said...

നന്ദി, ഈ ഓർമ്മപ്പെടുത്തലിന്.

ചിന്താക്രാന്തൻ said...
This comment has been removed by the author.
ചിന്താക്രാന്തൻ said...

ഇ വായന എന്നതുമാത്രമല്ല പൊതുവേ കമ്പ്യൂ‍ട്ടറിലെ സ്ക്രീനില്‍ തുടര്‍ച്ചയായി നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക്‌ ഹാനികരമാണ് എന്നത് എല്ലാവര്‍ക്കും അറിയാം പക്ഷെ കമ്പ്യൂ‍ട്ടര്‍ ഇപ്പോള്‍ മനുഷ്യന് അഭിവാജ്യ ഖടകമാണ്.തുടര്‍ച്ചയായുള്ള പുസ്തകവായന ഇ വായനപോലെ കണ്ണുകള്‍ക്ക്‌ ദോഷം ചെയ്യില്ല അജിത് ജീയുടെ ഈ ലേഖനം വായിച്ചപ്പോള്‍ കണ്ണുകളെ സംരക്ഷിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു പക്ഷെ അതീവതാല്‍പര്യം ഉള്ള വിഷയത്തെപ്പറ്റി വായിക്കുമ്പോള്‍ ഓര്‍മപെടുത്തല്‍ ഞാന്‍ മറക്കും എന്നതില്‍ എനിക്ക് യാതൊരു സംശയമില്ല

Manoj Vellanad said...

വായന സുഖം പുസ്തകങ്ങളില്‍ തന്നെയാണ്... കണ്ണുകള്‍ക്കും മനസ്സിനും..

ബിന്‍സൈന്‍ said...

കഴിഞ്ഞ മൂന്ന് നൂറ്റാണ്ട് കൊണ്ട് മനുഷ്യര്‍ നേടിയ പുരോഗതിയുടെ മൂന്നിരട്ടി കഴിഞ്ഞ മുപ്പത് കൊല്ലം കൊണ്ട് മനുഷ്യര്‍ നേടിക്കഴിഞ്ഞുവെന്നാണ്‌ വിലയിരുത്തപ്പെടുന്നത്. അത് മനുഷ്യന്റെ ആസ്വാദ്യതയിലും മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഇത് മനസിലാക്കാത്തവരെയും ഇ വായനെയും എഴുത്തിനേയും അംഗീകരിക്കത്തവരേയും നമുക്ക് മണ്ട് ഗുണാപ്പന്മാര്‍ എന്ന് വിളിക്കാം

Unknown said...

വായന മരിക്കുന്നില്ല. അത് കാലാനുസൃതമായ പുതിയ വേഷത്തില്‍ പുനര്‍ജനിക്കുന്നു......
എന്നാലും പുസ്തകം വായിക്കുമ്പോൾ കിട്ടിയിരുന്ന ആ ഒരു സുഖം ..ഇരുന്നും, തലയിണയിൽ ചാരി ഇരുന്നും,ചിലപ്പോഴൊക്കെ വായനയുടെ ആാ മമാസ്മരിക അനുഭൂതിയിലെക് കടന്നു കഴിഞ്ഞാൽ പിന്നെ കിടന്നു വരെ വായിച്ചിരുന്ന ഒരു സുഖമുണ്ട് അത് നഷ്ടമായി...പിന്നെ കണ്ണിന്റെ പ്രശ്നം എന്നെപ്പോലുള്ളവർക്കതൊക്കെ ഒരു പ്രശ്നം തന്നെ ആണ്..."മൈഗ്രൈൻ "
പരിധിയിൽ കവിഞ്ഞു ലാപ്പിനു മുന്നില് ഇരുന്നാൽ പിന്നെ എപ്പോ വന്നു എന്ന് ചോദിച്ചാൽ മതി...

Anil Nambudiripad said...

നല്ല ഒരാര്‍ട്ടിക്കിള്‍, ഇഷ്ടായി...അജിത്‌..:)

ഹരിപ്രിയ said...

:)

viddiman said...

പത്രക്കാരൻ പറഞ്ഞതു പോലെ, പെട്ടന്ന് തീർന്നു..

Unknown said...

വായനയെക്കുറിച്ച്‌ നന്നായി വിശകലനം ചെയ്തു ...അല്പം കൂടി എഴുതാമായിരുന്നു..പഴയ വായനക്കാര്‍ക്ക് ഡിജിറ്റല്‍ ജ്ഞാനം കുറവായതിനാല്‍ ...ഒരു വിഭാഗം വായനക്കാരെ ഇ=വായന അകറ്റി നിര്‍ത്തും..

ശിഹാബ് മദാരി said...

അജിത്തെട്ടാൻ പറഞ്ഞതിനോട് യോജിക്കുന്നതോടൊപ്പം - നല്ല വായന സാധ്യമാകുന്നുണ്ടോ എന്ന് കൂടി നമ്മള് പരിശോധിക്കെണ്ടാതായിട്ടുണ്ട് അല്ലെ ? ആണോ ?

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വായന സുഖകരം എല്ലാവർക്കും പുസ്തകം തന്നെ .

Philip Verghese 'Ariel' said...

മാഷെ ഇവിടെ പലരും പറഞ്ഞതുപോലെ
അതൊരു abrupt end ആയിപ്പോയില്ലേ എന്നു
തോന്നുന്നും, ഇനിയും എന്തെല്ലാമോ പറയാം
എന്നു തോന്നി, സാരമില്ല അത് അടുത്തൊരു
ബ്ലോഗിലേക്ക് കയറ്റിക്കോളൂ !!!!
കാര്യം എന്തായാലും ഇവിടെ വായന
മരിക്കില്ല എന്ന് നിസ്തർക്കം പറയാം അല്ലെ!
ആശംസകൾ

Unknown said...

ഇ-വായനയുടെ വലിയ ഒരു ഗുണം ആയിട്ട് തോന്നിയിട്ടുള്ളത് ......lighting ആണ്......ഇഷ്ട്മായീ ഈ രചന

Ads

..

Advertisements

..