പുസ്തകം 1, ലക്കം 1 (പൈലറ്റ് ഇഷ്യൂ)
Powered by Blogger.

പുതിയ രചനകള്‍

Showing posts with label ഇ-വായന. Show all posts
Showing posts with label ഇ-വായന. Show all posts

ഇ - വായന : അജിത് കുമാര്‍

അജിത് കുമാര്‍
നുഷ്യനും മൃഗങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ പ്രധാന വ്യത്യാസം ചിന്തിയ്ക്കാനുള്ള കഴിവാണ്. എന്നാല്‍ ഒരു മനുഷ്യന്റെ ചിന്ത മറ്റൊരാളിലേയ്ക്ക് പകരുന്നതെങ്ങനെ? അവിടെയാണ് എഴുത്തും വായനയും കടന്നുവരുന്നത്. ചില മൃഗങ്ങള്‍ അവയുടെ ബുദ്ധിവികാസം അനുസരിച്ച് ഒരു പരിധി വരെ ചിന്തിയ്ക്കുന്നുണ്ട്. എന്നാല്‍ ആ ചിന്ത അവര്‍ പകരുന്നത് പ്രകൃതിദത്തമായ ചില സംവേദനമാര്‍ഗങ്ങളുപയോഗിച്ചുകൊണ്ടാണ്. എത്ര ബുദ്ധിയുള്ള മൃഗങ്ങളായാലും എഴുത്ത്, വായന എന്ന സ്റ്റേജിലേയ്ക്ക് ഒരു പ്രവേശനവുമില്ല അവയ്ക്ക്. എന്നാല്‍ മനുഷ്യന്‍ ഉല്പത്തികാലം മുതല്‍ ചിന്തിയ്ക്കയും ആദ്യം പാറകളിലും വന്മരങ്ങളിലും പ്രകൃത്യാലുള്ള ചുവരുകളിലും ചിത്രങ്ങളെഴുതി അവയില്‍ കൂടി ആശയപ്രതിഫലനം നടത്തുകയും പിന്നെ ഭാഷയും ലിപിയും ഉരുവാകുകയും ചര്‍മ്മലിഖിതങ്ങളും പാപ്പിറസ് ചെടിയുടെ താളുകളിലും ആ ലിപികള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനുഷ്യന് ചിന്തിയ്ക്കാതിരിയ്ക്കാന്‍ സാദ്ധ്യമല്ല. അവന് എഴുതാതിരിയ്ക്കുവാനും വായിയ്ക്കാതിരിക്കുവാനും സാദ്ധ്യമല്ല. എഴുത്തിനെ, അക്ഷരങ്ങളെ അടക്കുവാനും ബന്ധിക്കുവാനും കൊല്ലുവാനും ഈ കാലം വരെ എത്ര അധികാരങ്ങളും കോട്ടകളും ചെങ്കോലുകളും പ്രയത്നിച്ചിരിയ്ക്കുന്നു. എന്നാല്‍ അതെല്ലാം അതിജീവിച്ച് അക്ഷരങ്ങള്‍ പിറന്നുകൊണ്ടേയിരുന്നു. അക്ഷരങ്ങള്‍ വിപ്ലവങ്ങള്‍ക്ക് വിത്തുപാകി, അക്ഷരങ്ങള്‍ സാധാരണക്കാരെ മഹാന്മാരാക്കി, അക്ഷരങ്ങള്‍ അസാദ്ധ്യമായ ലക്ഷ്യങ്ങള്‍ ഭേദിച്ചു. ശാസ്ത്രത്തിന്റെ അഭൂതവും ജനകീയവുമായ വളര്‍ച്ച നമ്മുടെ വായനയുടെ ഗതിരീതികളും സ്വഭാവവും മാറ്റി.

കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു അക്ഷരങ്ങള്‍ കടലാസില്‍ നിന്ന് കമ്പ്യൂട്ടറിലേയ്ക്ക് കൂട് മാറിയിട്ട്. എങ്കില്‍ പോലും കടലാസില്‍ വായിയ്ക്കുന്നതിനെക്കാള്‍ അധികം അക്ഷരങ്ങള്‍ വായിയ്ക്കപ്പെടുന്നത് ഇന്ന് സൈബര്‍ സ്ക്രീനില്‍ ആണ്. ഏതു വിഷയത്തിലും ഗുണദോഷങ്ങള്‍ അടങ്ങിയിരിക്കുന്നതുപോലെ ഇ-വായനയും ഗുണദോഷസമ്മിശ്രമാണ്. കൈവിരല്‍ത്തുമ്പത്ത്, ഏതാനും ക്ലിക്കുകള്‍ക്കപ്പുറത്ത് വായനാവിഷയം ലഭിക്കുന്നു, തേടി ഇറങ്ങി നടക്കേണ്ടുന്ന ആവശ്യമില്ല. സ്റ്റോറേജ് എന്ന ഒരു പ്രശ്നമില്ല, ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഒരു വായനാപ്രപഞ്ചത്തിലേയ്ക്ക് തന്നെ പ്രവേശിക്കാം, പുസ്തകങ്ങള്‍ക്ക് വലിയ വില കൊടുക്കുന്നതുപോലെ ചെലവില്ലാതെ വായിയ്ക്കാം, എളുപ്പത്തില്‍ കൈമാറ്റം ചെയ്യാം, പുസ്തകം ഒരാള്‍ക്ക് കൊടുത്താല്‍ പിന്നെ അത് മടക്കിക്കിട്ടിയാല്‍ മാത്രമേ നമ്മുടെ അലമാരയില്‍ കാണുകയുള്ളു. എന്നാല്‍ ഇവിടെ ആ പ്രശ്നമില്ല. കൈവെള്ളയില്‍ ഒതുങ്ങുന്ന ഉപകരണങ്ങളില്‍ ആയിരക്കണക്കിനു പേജുകള്‍ സൂക്ഷിയ്ക്കാം എന്ന് തുടങ്ങി ഗുണഗണങ്ങള്‍ അനേകം. ഇ-വായനയിലെ ഏറ്റവും നഷ്ടമായി പറയപ്പെടുന്നത് പുസ്തകങ്ങള്‍ വായിയ്ക്കുമ്പോള്‍ ലഭിച്ചിരുന്ന അനുഭൂതിയില്ലായ്മയെപ്പറ്റിയാണ്. എന്നാല്‍ അത് മുമ്പ് പുസ്തകങ്ങള്‍ വായിച്ച് ശീലിക്കുന്നവരെ മാത്രം ബാധിയ്ക്കുന്ന ഒരു കാര്യമല്ലെ? 

ന്യൂ ജനറേഷന്‍ പുസ്തകവായനയില്‍ പണ്ടുള്ളവരുടെ അത്ര താല്പര്യം കാണിക്കുന്നില്ല എന്നുള്ളതൊരു വസ്തുതയാണ്. മുമ്പ് ചെയ്ത് അനുഭൂതിയാസ്വദിച്ചവരല്ലാത്തതുകൊണ്ട് അവര്‍ക്ക് ഈവക പ്രശ്നങ്ങളൊന്നും ഒരു പ്രശ്നമായി തോന്നാന്‍ ഇടയില്ല. എന്നാല്‍ അതിനെക്കാള്‍ പ്രധാനമായൊരു ദോഷം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വായനയില്‍ ഏറ്റവും അധികം അദ്ധ്വാനിക്കുന്നത് നമ്മുടെ കണ്ണുകളാണല്ലോ. വായനയുടെ രസത്തില്‍ മണിക്കൂറുകളോളം ചിലപ്പോള്‍ കമ്പ്യൂ‍ട്ടറിനു മുന്നില്‍ ഇരുന്നെന്ന് വരും. അതിനോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങള്‍, പുറം വേദന, തലവേദന, കണ്ണുവീക്കം, കണ്ണിലെ നിര്‍ജലീകരണം, ഇവയൊക്കെ വരാന്‍ സാദ്ധ്യത വളരെയാണ്. നാം സാധാരണ സമയത്തെക്കാള്‍ മൂന്നിലൊന്ന് പ്രാവശ്യം മാത്രമെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മിഴി ചിമ്മാറുള്ളു എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ള വസ്തുതയാണ്. അതിനാല്‍ ഇ-വായനയില്‍ ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ക്ക് അല്പം വിശ്രമം അനിവാര്യമാണ്. ഇനി വരുന്ന കാലം പുസ്തകങ്ങള്‍ക്ക് ഇന്നുള്ള പ്രാമുഖ്യവും അല്പാല്പം കുറഞ്ഞുവരികയും ഇ-വായന അധികരിക്കുകയും ചെയ്യും. അപ്പോഴും നമുക്ക് സന്തോഷിക്കാന്‍ വകയുണ്ട്. വായന മരിക്കുന്നില്ല. അത് കാലാനുസൃതമായ പുതിയ വേഷത്തില്‍ പുനര്‍ജനിക്കുന്നു.

Ads

..

Advertisements

..